ഓണാശംസകള്‍ ........

എല്ലാവര്‍ക്കും നിശാഗന്ധിയുടെ  ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ........ 

"വന്നെത്തി പിന്നെയുമൊരോണം "

പറന്നെത്തി ഓണ തുമ്പികള്‍ ചുറ്റിലും
വന്നെത്തി പിന്നെയുമൊരോണം .
മുക്കുറ്റി മുറ്റത്തു പൂക്കളമൊരുക്കി
തെറ്റിയും തുമ്പയും വിരുന്നു വന്നു.

മൂവാണ്ടന്‍ കൊമ്പത്തു ഞാന്‍ 
ഊഞ്ഞാലു കെട്ടി
മൂക്കുത്തി പെണ്ണാളെ ആടാന്‍ വായോ.
വാഴത്തോപ്പില്‍
നമ്മുക്കു ഉല്ലസിക്കാം. 
വാഴപ്പൂ തേന്‍ ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

ആമ്പല്‍ പൊയ്‌കയില്‍  നീരാടി നീ
തുളസി കതിര്‍ ചൂടി
ഓണക്കോടിയണിഞ്ഞു
തുമ്പപ്പൂ ചോറുണ്ണാന്‍ വേഗം വായോ.
ഉള്ളിന്റെ ഉള്ളില്‍ മധുരം നിറയുമെന്‍
പാലട പായസം ഞാന്‍ നിനക്കു
പകര്‍ന്നു നല്‍കാമീ തിരുവോണ നാളില്‍ .

നിഴലുകള്‍...

നിഴലുകളേ നിങ്ങള്‍ക്കു നൊമ്പരമുണ്ടോ ?
നിഴലുകളേ നിങ്ങള്‍ക്കു നെടുവീര്‍പ്പുകളുണ്ടോ ?
വഴിയറിയാതെ തനിയെ ഇഴയുന്ന
നിഴലുകളേ നിങ്ങള്‍ക്കു ഇണകളുണ്ടോ ?

നിദ്രവിഹീനങ്ങളാം നിഴലുകളേ
നിങ്ങള്‍ കിനാവു കാണാറുണ്ടോ ?
നിശ്ശബ്ദവാഹിനിയാം നിഴലുകളേ
നിങ്ങള്‍ തന്‍ കദനത്തിന്‍ പാട്ടുകള്‍ പാടാറുണ്ടോ ?

പ്രണയിക്കാനറിയാത്ത പ്രതിരൂപങ്ങളേ
പ്രകാശമാണല്ലോ നിങ്ങള്‍ തന്‍ പ്രതീക്ഷ
കരയാനറിയാത്ത കരിനിഴലുകളേ
കൂരിരുട്ടാണല്ലോ നിങ്ങള്‍ തന്‍ കദനം

അഴകെത്രയായലും വിരൂപമായാലും
നിഴലുകളേ നിങ്ങള്‍ക്കെല്ലാം ഒരേയഴക്‌
ആശയിലും നിരാശയിലും
ആത്മമിത്രങ്ങളാണല്ലോ ഈ മിണ്ടാരൂപങ്ങള്‍

പൂവന്റെ ദുഃഖം....

എന്റെ അയല്‍വക്കത്ത്
ഒരു പൂവന്‍ കോഴിയും,
പിട കോഴിയും, കുഞ്ഞുങ്ങളും
കൂടി വാഴുന്ന ഒരു കുടുംബമുണ്ട്.

ആരോഗ്യവും അതിനൊത്ത
അഴകുമുള്ള ഈ പൂവനു
പക്ഷേ കൂവാനറിയില്ല ഒട്ടും.

നേരം വെള്ളുത്തത് നാട്ടാരെ
വിളിച്ചറിയിക്കുന്നതും
കൂടു വിട്ടു ആദ്യം വെളിയില്‍
ഇറങ്ങുന്നതും ഈ വീട്ടില്‍
പിടായാണു നിത്യം .

എന്നാണു എനിക്കൊന്നു
ഒച്ചത്തില്‍ കൂവാന്‍
കഴിയുമെന്നോര്‍ത്തു
ആ പാവം പൂവന്റെ
നെഞ്ചു പിടയ്ക്കുകയാണിന്ന്....

നിനക്കായ്........

കണ്ണില്‍ നിറയുന്ന
നിറക്കൂട്ടുകള്‍ കണ്ണീരില്‍
ചാലിച്ചു ഞാന്‍
മനസ്സെന്ന ക്യാന്‍വാസില്‍
വരയ്ക്കും കരളലിയും
നിന്‍ ചിത്രം

അധര ദളങ്ങളില്‍ വിരിയുന്ന
മധുര സ്വരങ്ങള്‍
കൊണ്ടു ഞാന്‍
നിറയ്ക്കും നിന്‍ അന്തരംഗം

ആയിരം വര്‍ണ്ണ
കിനാക്കള്‍
കൊണ്ടു നിന്‍
ആമാടപ്പെട്ടി ഞാന്‍
നിറയ്ക്കും

അകതാരില്‍ തുളുമ്പുന്ന
സ്നേഹാക്ഷരങ്ങള്‍
കൊണ്ടു ഞാന്‍
ആദ്യത്തെ അനുരാഗ
കവിതയെഴുതും നിനക്കായ്............