കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍....

നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു*
കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍ .

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍.

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍.
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍.

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ.
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ.

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

*പാറയില്‍ (മനസ്സില്‍) നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു തരം ദ്രാവകം ​

ഓര്‍മ്മകള്‍ മരിക്കുമോ ?

ഒരു നൊമ്പരത്തിന്റെ തേങ്ങലായ്
ഒരു സാന്ത്വനത്തിന്റെ സായൂജ്യമായ്
മനസ്സിലെ മാന്ത്രിക കൊട്ടാരത്തിലുറങ്ങുന്ന
മന്ത്രവാഹിനികളല്ലോ ഓര്‍മ്മകള്‍.

ഓര്‍ത്താല്‍ വിരുന്നു വരും
ഈ ഓര്‍മ്മകള്‍
ഓര്‍ക്കാതിരുന്നാല്‍ അകന്നു പോകും
ഒരന്യനെ പോലെ.

ഒരുപാട് ഓമനിക്കാം ഈ ഓര്‍മ്മകളേ
ഒരിക്കലും മായാത്ത മുദ്രകളായ്.
ഒറ്റയ്ക്കിരുന്നാല്‍ ഓടിയെത്തും
ഒരുപിടി ഓര്‍മ്മകളെന്നും.

എകാന്തതയുടെ കൂട്ടുകാരെ നിങ്ങള്‍
എന്നും വേര്‍പിരിയാത്ത ഉള്‍തുടിപ്പുകളല്ലോ.
ഒരായിരം ഓര്‍മ്മകളെന്നും
മനസ്സിന്‍ മടി തട്ടില്‍
ഓളങ്ങളായി അലയടിക്കും.
ഓര്‍ത്തിടാം മധുര സ്മരണകളായ്‌
എന്നും മരിക്കാത്ത ഈ നിനവുകളെ.

ദൈവത്തിന്‍ സ്വന്തം കേരനാട്.........

മാവേലി തന്‍ പാദസ്പര്‍ശമേറ്റ
മനോഹരത്തീരമാണീ ഹരിത ദേശം.
മലയാള മണ്ണിന്റെ മക്കള്‍ വാഴുന്ന
മത മൈത്രിയുള്ളൊരു കേരനാട്.

കാടും കടലും മലകളുമായ്
കമനിയമാകുമീ കേരനാട്.
കായല്‍ കുളങ്ങളും തീരങ്ങളും
കേരങ്ങള്‍ തിങ്ങുമീ കേരനാട്.

ആര്‍പ്പോടെ തുഴയുന്ന വള്ളങ്ങളും
ആറാട്ടിനെത്തുന്ന ആനകളും
ആടിത്തിമര്‍ക്കുന്ന കാവടിയും
ആര്‍ഭാടമാക്കുന്നു കേരകത്തെ.

തിരുവോണമുള്ളൊരു കേര നാട്ടില്‍
തിരുവോണക്കോടിയണിഞ്ഞൊരുങ്ങി
തിരുമുറ്റത്തെത്തുന്നു പെണ്കൊടിമാര്‍
തിരുവാതിരക്കളി ആടിടുന്നു.

പുലിക്കളിയുണരുമീ പൂരത്തിന്‍ നാട്
കളിയരങ്ങുണരുമീ കഥകളി നാട്
കവിതകളുണരുമീ കവികള്‍ തന്‍ നാട്
ദൈവത്തിന്‍ സ്വന്തം കേരനാട്.........

നീല കുറിഞ്ഞി

നീല കുറിഞ്ഞി പൂക്കുമീ
നീല നിശ യാമങ്ങളില്‍
നീലകാശം മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ മേനിയില്‍ കുളിരു തൂകി.

അലിഞ്ഞൊഴുകുന്നു നീയെന്‍
അല്ലികളില്ലൂടെ ആര്‍ദ്രമായ് .
അലിഞ്ഞു ചേരുന്നു ഞാന്‍
ആലോലമായ് .

ആവേശം അലയടിക്കുമീ
അസുലഭ വേളയില്‍
ആര്‍ദ്രമായി മൂളി ഞാനൊരു
അനുരാഗ ഗാനത്തിന്‍ ഈരടികള്‍.

തോരാതെ പെയ്ത മഞ്ഞിന്‍ കണങ്ങളാല്‍
എന്‍ ഉള്ളം നിറഞ്ഞു.
നിര്‍വൃതി പുല്‍കുമീ നിമിഷങ്ങളില്‍
നിര്‍വൃതയായി ഞാന്‍ മയങ്ങി..........

മേഘമേ മേഘമേ.....

മേഘമേ മേഘമേ മൌനമെന്തേ
മാരി കാര്‍ മേഘമേ മൌനമെന്തേ
മൌനത്തിന്‍ മൂടുപടം മാറ്റി ഇനിയും
പെയ്യാത്തതെന്തേ.

മാരിവില്ലഴകുമായി മാനത്തു മയങ്ങുന്ന
മാരി കാര്‍മുകിലേ ഇനിയും
പെയ്യാത്തതെന്തേ.

ഇടവപ്പാതിയായില്ലേ
ഇടനെഞ്ചില്‍ കുളിര്‍ പകരാന്‍
ഇട മഴയായി പൊഴിയൂ.

സ്നേഹ മഴയായി പെയ്തു
പ്രണയാര്‍ദ്രമാക്കു എന്നെ
ഈ ഈറന്‍ സന്ധ്യയില്‍.

അനുരാഗ മഴയായി പെയ്തു
അലിഞ്ഞൊഴുകൂ എന്‍
മേനിയില്‍ ആലോലമായി.

തുള്ളി തുള്ളി തൂമഴയായി പെയ്തു
എന്‍ സിരകളേ ഉണര്‍ത്തി
എന്‍ അന്തരംഗം കവരൂ വേഗം .............

നാടന്‍ പാട്ട്

പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ

നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ

കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ

പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ