കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

നീറുന്ന മനസ്സിന്റെ വിയര്പ്പായ്
നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു
കണ്ണുനീരെന്നു വിളിക്കാം

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?