കന്മദം

നിറയുന്നു മിഴികളില്‍ ആര്ദ്രമായ്
കവിളിണകളിലൂടെ ഒഴുകുന്ന
കടലോളമുള്ളൊരു കന്മദത്തിനു*
കണ്ണുനീരെന്നു വിളിച്ചോട്ടെ ഞാന്‍ .

കണ്ണീരും കടലും ഒരു കുടുംബമാണോ ?
രുചിഭേദമില്ലാത്ത മായജാലങ്ങളല്ലോ
വറ്റാത്ത ഈ നീരു ഉറവകള്‍.

പെറ്റമ്മ തന്‍ കണ്ണീരു തഴുകാന്‍
കണ്പീലികളാം കുരുന്നുകള്‍.
കടലമ്മ തന്‍ കണ്ണീരു തഴുകാന്‍
കരയിലെ മണല്‍ തരികളാം കുരുന്നുകള്‍.

വിശന്നു വലഞ്ഞോന്റെ കഞ്ഞിപ്പാത്രത്തില്‍
വീണതും കണ്ണുനീരല്ലോ.
മനമുരുകും പ്രാര്ത്ഥന വേളയില്‍
മിഴികളില്‍ നിറഞ്ഞതും കണ്ണുനീരല്ലോ.

കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?
കണ്ണുനീരില്ലാത്ത ആദിയും അന്തവുമുണ്ടോ ?

*പാറയില്‍ (മനസ്സില്‍) നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു തരം ദ്രാവകം

വേര്‍പ്പാട് ......

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു.
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പ്പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ.
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............