താളം ​തെറ്റിയ താരാട്ട്

മഴയ്ക്കായി കേഴുന്ന
വേഴാമ്പല്‍ പോലെ
ഒരു തുള്ളി അമിഞ്ഞ
പാലിനു വേണ്ടി
ഞാന്‍ കരഞ്ഞു.

അമ്മ കിളി പോയ
കുഞ്ഞു കിളിയെന്നപ്പോല്‍
ഒരിറ്റു സ്നേഹത്തിനായി
ഞാന്‍ അലഞ്ഞു.

ചിറകു മുളച്ചു
പറക്കുവാന്‍ തുടങ്ങുന്ന
പറവ പോല്‍
പാറി നടക്കുവാന്‍
ഞാനാശിച്ചു പക്ഷേ,
അതു വെറുമൊരു കൌമാര
സ്വപ്നമായി  പൊലിഞ്ഞു.

കൊക്കുരുമി പ്രണയം
മന്ത്രിക്കുന്ന ഇണക്കിളികളെ
പോല്‍ ഒരു ഇണയ്ക്കു വേണ്ടി
എന്‍ മനം ​കൊതിച്ചു പക്ഷേ,
ആരും എന്‍ മനം
തിരിച്ചറിഞ്ഞില്ല ഒട്ടും

ഒടുവില്‍  കൂടു തകര്‍ന്നു
തൂവലുകള്‍ കൊഴിഞ്ഞ
കിളിയെന്ന പോല്‍
ആശകള്‍ മുരടിച്ചു
നൊമ്പരങ്ങള്‍ മൂടി എന്നെ....

നടുപ്പന്തി

നാലും കൂടിയ ഒരു
കവലയാണി നടുപ്പന്തി.
കിഴക്കു കിഴക്കങ്ങാടിയും
പടിഞ്ഞാറു  പടിഞ്ഞാറങ്ങാടിയും
തെക്ക് തെക്കങ്ങാടിയും
വടക്ക് ചിറളയം അങ്ങാടിയും
ചേരുന്നു ഈ നടുപ്പന്തിയില്‍ .

കിഴക്കങ്ങാടിക്കു കാവടി കഥയും***
പടിഞ്ഞാറാങ്ങാടിക്കു മണക്കുളവും
തെക്കങ്ങാടിക്കു അമ്പലപ്പള്ളിയും
വടക്കെ അങ്ങാടിക്കു മണപ്പാടും സ്വന്തം .

സുറിയാനി ക്രസ്ത്യാനികള്‍
ഒന്നിച്ചു വാഴുന്ന ഈ
നടുപ്പന്തി ദേശമായിരുന്നു
ഒരുക്കാലത്തെ കുന്നംകുളം
പട്ടണം .

എന്നാല്‍ ഇന്നോ ഈ നടുപ്പന്തി
ഒരു പന്തിയുമില്ലാതെ ആ
പഴയക്കാല പ്രൌഢി ഓര്‍ത്തു
നിലക്കൊള്ളുന്നു ......

*** കാവടി കഥ

നിശാഗന്ധി

നിന്‍ ലാവണ്യ ലഹരിയില്‍
മതിമറന്ന ആയിരങ്ങളാല്‍
നീ വേട്ടയാടപ്പെടുന്നു.

അവര്‍ തന്‍ ഭാവന
വൈഭവങ്ങളില്‍ നീയൊരു
കാമഗന്ധിയായി മാറുന്നു.

ജ്വലിക്കുന്ന ആ നയനങ്ങളില്‍
നിന്നുള്ള നോട്ടത്തിന്‍ ശരമേറ്റു
നിന്‍ അഴകാര്‍ന്ന മേനിയില്‍
മുറിവേല്‍ക്കുന്നു.

നിശാഗന്ധി ,"എന്തിനു തന്നു നിനക്കു
ദൈവം ഇത്ര സൌന്ദര്യം !!
ഈ സൌന്ദര്യം നിനക്കൊരു
തീരാ ശാപമാണോ ?"

കാന്താരി മുളക്

ഇന്നലെ ആരോ ഒരുവന്‍
ഒരു കാന്താരി മുളകിനെ
ഒന്നു നോവിച്ചു.

കടുകു  മണിയോളം
പോന്ന ആ കാന്താരിക്കു
ഇത്രയും വീര്യമുണ്ടെന്ന്
അപ്പോള്‍ തന്നെ അവനറിഞ്ഞു.

ആവോളം അവനെ
വെള്ളം കുടിപ്പിച്ചിട്ട്
ആ കാന്താരി ചൊല്ലി
"എന്നെ നോവിച്ചവര്‍
ആരായാലും അവനെ
ഞാന്‍ ഇങ്ങനെ വെള്ളം കുടിപ്പിക്കും".

കാന്താരിയുടെ ഈ
ചങ്കുറപ്പു കണ്ട ഞാന്‍
ഒരു മാത്ര ആശിച്ചു പോയി,
അടുത്ത ജന്മത്തില്‍ ഇവളെന്റെ
മകളായി പിറന്നിരുന്നെങ്കിലെന്ന്.........