ജീവിതം

ജീവിതമൊരു നൊമ്പരം
വിധി വിളയാട്ടമാടുന്ന പമ്പരം
മനുഷ്യരെ കരുവാക്കി
കളിക്കുന്ന ഒരു നാടകം

യവനികക്കുളില്‍ അണിഞ്ഞു നില്‍ക്കും
നൊമ്പരക്കൂട്ടങ്ങള്‍ ഞങ്ങള്‍
വിധിയരങ്ങില്‍ വിങ്ങും മനവുമായി
വിളയാടുന്ന കോമാളിക്കൂട്ടങ്ങള്‍ ഞങ്ങള്‍

ജീവിതമാമീ നാടകത്തില്‍
പല തരം വേഷങ്ങള്‍ മാറുന്ന
പാവങ്ങളാം ഞങ്ങളെ
പാവകളാക്കല്ലേ വിധികളാം നിങ്ങള്‍

കണ്ണുനീരിന്‍ തീരാ കഥകളുമായി
കാണികള്‍ തന്‍ മുന്നില്‍
ഞങ്ങള്‍ നടിക്കും ഈ നാടകത്തിന്‍
അന്ത്യരംഗം കഴിയും വരെ ...........

ഒരു വേര്‍പാടിന്റെ നൊമ്പരം

കരയിലെന്‍ കളിമണ്‍ കൂടാരം
കടല്‍ തിരയേറ്റു തകരുന്നു
മനസ്സില്‍
മായാത്ത നിന്‍ രൂപം
മെഴുകുതിരിയായി കത്തി ഉരുകുന്നു

എരിയുകയാണോമനേ എന്‍ നെഞ്ചിലെ കനലുകള്‍
എരിഞ്ഞണയുകയാണോമനേ എന്‍ മണ്ചിരാതുകള്‍
ഇണയറ്റ കിളി തന്‍ മനം പോലെ
കരയാതേ നീ കരഞ്ഞു തളരാതേ

പിരിയുകയാണോ നീ മറുവാക്കുകളില്ലാതെ
അകലുകയാണോ നീ അതിരുകളില്ലാതെ
മുറിവേറ്റ മാന്പേട തന്‍ കദനം പോലെ
മനമുരുകാതേ നീ മാഞ്ഞു പോകാതേ

വിടപറയാം വേര്‍പാടുകളുടെ നൊമ്പരമായ്
വിരഹിണി നീ വിതുമ്പാതെ
വരമുണ്ടെങ്കില്‍ വീണ്ടുമൊന്നിക്കാം
വരും ജന്മത്തില്‍ വേര്‍പിരിയാതെ.............

സ്നേഹം

കലഹം നിറയുമീ കലിയുഗത്തില്‍
കാലഹരണപ്പെട്ടുവോ സ്നേഹം ?

മര്‍ത്ത്യന്‍ മ്യഗ തുല്യനായി
മാറുന്നു ഭൂവില്‍
തുര തുര കടിച്ചു കീറുന്നുയെങ്ങും
തെരുവില്‍ ചുടു ചോര ഗന്ധം

കാമാഗ്‌നി ആളി പടരുന്നു
കാപട്യം നടമാടി വാഴുന്നു
കറുപ്പും കഞ്ചാവും പുകയുന്നു
കലങ്ങി മറിയുന്നു യുവനിരയെങ്ങും

കനകം തിളങ്ങുമീയുലകം
കന്യകക്കിന്നെന്തു വില
പുര നിറയുന്നു കന്യകന്മാര്‍
പെരുകുന്നു നാടാകെ ദ്രുതഗതിയില്‍

സമാധാനമില്ലെങ്കില്‍ ധരണിയില്‍
സമ്പത്തിനെന്തു വില
സന്മനസ്സുളോര്‍ക്കുള്ള സ്നേഹ
സമ്മാനമാണു സമാധാനം

ദാനമില്ലെങ്കില്‍ മനുഷ്യാ
ധനത്തിനെന്തു വില
ദാനം ധനത്തെ വളര്‍ത്തും
അന്നം പട്ടിണിയെ തളര്‍ത്തും

മനുഷ്യനു മുഖ്യം മതങ്ങളല്ലോ
മതത്തിനു മുഖ്യം മതവാദികളും
മതങ്ങളെയെല്ലാം ഒന്നായി കാണൂ മനുഷ്യാ
മതദ്വേഷം വെടിയൂ

എല്ലാ ചോരയും ചുവപ്പാണു സോദരാ
മനുഷ്യനെ മനുഷ്യനായി കാണൂ സോദരാ………………

ഒരു കിനാവിലെ രഹസ്യം

ഏദന്‍ തോട്ടമാണെന്നു കരുതി ഞാന്‍
ഏതോ തോട്ടത്തില്‍ എത്തി
ആരും കണ്ടാല്‍ കൊതിക്കുന്ന
അരുതാത്ത കനി ഞാന്‍ കണ്ടവിടെ

ഒരു നിമിഷം എന്നെ ഞാന്‍ മറന്നു
ഒരു മോഹം എന്നില്‍ വളര്‍ന്നു
അരുതാത്തതാണെന്നു അറിയാമെങ്കിലും
ഉണര്‍ന്നു എന്‍ അന്തരംഗം മന്ദം

എന്‍ കര സ്പര്‍ശനമേറ്റ കനിയുടെ മാറില്‍
ഒരു ചുടു ചുംബനത്തിനായി അധരം
തുടിച്ച മാത്രയില്‍ ഞാന്‍ ഉണര്‍ന്നു
എന്‍ കിനാവിന്റെ മാസ്മര ലോകത്തു നിന്ന്

അരുതേ ഇനിയുമരുതേ കിനാക്കളെ
അരുതാത്തതൊന്നും എന്നില്‍ നീ
പരീക്ഷിക്കരുതേ ഇനിയൊട്ടും...........

ചിന്തകള്‍ ഒരു ചിതയാകുമ്പോള്‍

മാറ്റത്തിന്‍ മന്ത്രം മുഴങ്ങുന്നു
മൌന വിചാരങ്ങളെന്നും
മാറ്റൊലിയായി മാറുന്നുയെന്‍
മനസ്സിന്‍ മഹാ ആഴിയില്‍

ചിതലരിക്കുകയാണെന്‍ ചിത്തത്തിലെ
ചിന്തകളോരോന്നും
ചികയുന്നു ഞാനെന്‍
ചിന്തകളെ ചിലമ്പണിയിക്കാന്‍

ചിത്രശലഭങ്ങളായെന്‍ ചിന്തകള്‍
പ്രണയത്തിന്‍ മധു തേടി അലയുന്നു
ചായക്കൂട്ടുകളായിയെന്‍ ചിന്തകള്‍
ഓര്‍മ്മകള്‍ തന്‍ ചിത്രം വരയ്ക്കുന്നു

യൌവ്വനം മാറാത്തയെന്‍ ചിന്തകള്‍
കൊഴിഞ്ഞു പോകുന്നുവോ ഇലകളെ പോല്‍
ചിരകാല ചാരുതയാര്‍ന്നൊരെന്‍
ചിന്തകള്‍ ഒരു ചിതയായി
കത്തി എരിയുന്നുവോ ഈ
കലിയുഗത്തില്‍ .......

നാടന്‍ പാട്ട്

പവിഴ കണ്ണുള്ള പളുങ്കു പെണ്ണേ
പുഴയരികിലെ പെണ്ണേ
പതഞ്ഞൊഴുകുന്ന പുഴയില്‍ നോക്കി
കാത്തിരിക്കുന്നതാരേ നീ കാത്തിരിക്കുന്നതാരേ

നുണക്കുഴിയുള്ള നങ്ങിണി പെണ്ണേ
നാണം കുണുങ്ങി പെണ്ണേ
നാണിച്ചു നിന്നു മുഖം മറച്ചു
കോരിത്തരിപ്പിക്കുന്നതാരേ നീ കോരിത്തരിപ്പിക്കുന്നതാരേ

കണ്ണാടി കവിളുള്ള കാന്താരി പെണ്ണേ
കള്ളചിരിയുള്ള പെണ്ണേ
കണ്ണാടി നോക്കി മുഖം മിനുക്കി
കൊതിപ്പിക്കുന്നതാരേ നീ കൊതിപ്പിക്കുന്നതാരേ

പാലപൂക്കാവിലെ പൂക്കാരി പെണ്ണേ
പാലയ്ക്ക മാലയണിഞ്ഞ പെണ്ണേ
പാതി മയക്കത്തില്‍ പതിവു നേരത്ത്
കിനാവു കാണുന്നതാരേ നീ കിനാവു കാണുന്നതാരേ

കാലം

പ്രകൃതി മര്ത്ത്യര്ക്കു നല്‍കിയ
വരമാണു കാലം
മാറുന്നു കാലങ്ങള്‍ മാറ്റത്തിന്‍
യവനിക നീക്കി
കുതിക്കുന്നു കടിഞ്ഞാണില്ലാത്ത
കുതിര പോലെ

സ്നേഹത്തിന്‍ പൊന്‍പട്ടു നെയ്യുന്നു കാലം
പ്രണയത്തിന്‍ പറുദീസ പണിയുന്നു കാലം
കദനത്തിന്‍ മലരുകള്‍ പൂക്കുന്ന കാലം
കരളലിയും കിനാക്കള്‍ കാണുന്ന കാലം
എല്ലാം കാലത്തിന്‍ വ്യത്യസ്ത മുഖങ്ങള്‍ മാത്രം

കയ്‌പ്പും മധുരവും തരുന്ന കാലം
നൊമ്പരമറിയാതെ വളരുന്നു
ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങുന്ന
ഓര്‍മ്മകളുടെ കൈയ്യൊപ്പുകളല്ലോ കാലം

ഓര്‍മ്മകള്‍ മരിച്ചാലും
കാലത്തിനൊട്ടും മരണമില്ല
ആശിക്കാം നമ്മുക്കെന്നും നന്മകള്‍
പൂക്കും പുണ്യകാലത്തിനായ് ....................