രാകേന്ദു പ്രിയ രാകേന്ദു

രാകേന്ദു പ്രിയ രാകേന്ദു മുഖി
രാവിന്റെ മിഴി തുറക്കു
രാമച്ച പാടത്തെ പാല്‍ നിറമാക്കി
രാവിനു സുഗന്ധം പകരു

പല വട്ടം നീ മുഖം മറച്ചു
പരിഭവം നിറഞ്ഞ അമാവാസി നാളുകളില്‍
ചെങ്കടലായി മാനം നിന്‍ മുഖം കാണാന്‍

ചെന്താരകങ്ങളോടൊപ്പം കാത്തിരുന്നു

പൌര്‍ണ്ണമി രാവുകളില്‍ നിനക്കു
പതിനേഴിന്‍ മുഖ പ്രസാദം
പുളകം നിറയും മാനത്തു നിനക്കു
പൂനിലാ മഴയഴക്


പാല്‍ ചിരി തൂകി നീയെന്‍ മുന്നില്‍ വന്നപ്പോള്‍
പാതിയടഞ്ഞൊരെന്‍ കിളിവാതില്‍ ഞാന്‍ തുറന്നു

പാതിര യാമങ്ങളില്‍ നീ പകര്‍ന്ന
പാല്‍ വെട്ടത്തില്‍ ഞാന്‍ കോരിത്തരിച്ചു പോയി


കാഴ്ച

കടലോളം കാഴ്ചകളുണ്ടിവിടെ
കരളലിയും കദന കാഴ്ചയുമുണ്ട്‌
കണ്ണഞ്ചിപ്പിക്കും കുറേ കാഴ്ചകളും കാണാം


കരിമ്പാറകളില്‍ കന്മദമൊഴുകുന്നതു
കാണാനെന്തൊരു കൗതുകമാണ്
കാറ്റില്‍ കുതിച്ചോടുന്ന കദങ്ങളെ
കാണാനെന്തൊരു കൗതുകമാണ്

കമനീയമാം കാനന കാഴ്ചകള്‍
കാണാനെന്തൊരു കൗതുകമാണ്
കാനനങ്ങളെ കാല്‍ചിലമ്പണിയിച്ച കാട്ടാറുകളെ
കാണാനെന്തൊരു കൗതുകമാണ്



കതിരോനൊളിയേറ്റു കിടക്കും കധിയെ
കാണാനെന്തൊരു കൗതുകമാണ്
കടല്‍ത്തിരയേറ്റു കോരിത്തരിച്ച കരയെ
കാണാനെന്തൊരു കൗതുകമാണ്


കണ്ണഞ്ചിപ്പിക്കും കിളി കൂട്ടത്തെ
കാണാനെന്തൊരു കൗതുകമാണ്
കുള കടവിലെ കരിമിഴി കുരുവിയുടെ കുളി
കാണാനെന്തൊരു കൗതുകമാണ്

കാവ്യമുറങ്ങും കാല്പനികയുടെ കാവുകള്‍
കാണാനെന്തൊരു കൗതുകമാണ്
കാവിലെ കരിയില കൂട്ടങ്ങള്‍
കാണാനെന്തൊരു കൗതുകമാണ്


കാമമുണര്‍ത്തും കല്ലില്‍ കൊത്തിയ കരവിരുതുകള്‍
കാണാനെന്തൊരു കൗതുകമാണ്
കുങ്കുമമണിഞ്ഞ കരിമിഴിയാളെ
കാണാനെന്തൊരു കൗതുകമാണ്
കൌതുകമാമീ കാഴ്ചകളെല്ലാം കാലത്തിന്‍
കെടുതിയില്‍ കെടാതിരിക്കട്ടെന്നുമെന്നും

സാന്ത്വനം

നല്‍കിടൂ നാഥാ നിന്‍ സാന്ത്വനം
നല്‍കിടൂ നാഥാ നിന്‍ മാനസം
അലിവോടെ നിന്‍ ക്യപക്കായി ഞാന്‍
അന്‍പോടെ വണങ്ങുന്നു നിന്‍ തിരുമുഖം

അരൂപിയായാലും നിന്‍ ദര്‍ശനം ഞാന്‍
അരുമയോടെ നമിക്കുന്നു നാഥാ
അരുതാത്ത കാര്യങ്ങള്‍ ചെയ്തു ഞാന്‍
അനുതാപത്തോടെ പരിതപിക്കുന്നു

നന്ദിയോടെ ഞാന്‍ നമിക്കുന്നു നിന്നുടെ
നന്മകള്‍ നിറയും കാരുണ്യങ്ങള്‍
മനസ്സിനു കുളിരായി നീ നല്‍കിയ സൌഭാഗ്യങ്ങള്‍
മറക്കാതെ ഞാന്‍ എന്നും ഓര്‍ത്തിടുന്നു


കണ്ണനെ കണ്ടാല്‍.............
കണ്ണനെ കണ്ടാല്‍ കണ്ണിനു കുളിര്
കാര്‍വര്‍ണ്ണനെ തൊഴുതാല്‍ മനസ്സിനു കുളിര്
കാരുണ്യമരുള്ളൂ കായാമ്പു വര്‍ണ്ണാ
കാത്തുരക്ഷിക്കു ഗുരുവായൂരപ്പാ

നീല കാര്‍വര്‍ണ്ണന്റെ മാറില്‍ ഞാന്‍
നീല താമര മാല ചാര്‍ത്തി
നിന്‍മുഖ ദര്‍ശന സൌഭാഗ്യം
സായൂജ്യമല്ലോ എനിക്കെന്നുമെന്നും

നീന്തി കുളിച്ചു കാളിന്ദിയില്‍
നീ കവര്‍ന്നല്ലോ ഗോപികാ ചേലകള്‍
നിന്‍ സ്നേഹ ലീല വിലാസങ്ങള്‍
നിത്യവും പുളകത്തിന്‍ പുലരിയുണര്‍ത്തും

ഓടിക്കള്ളിച്ചു നീ ഗോപികാമാരൊത്ത്
ഓടക്കുഴല്‍ വിളി നാദവുമായ്
ഓര്‍ത്തിടുന്നു കണ്ണനെ ഞാന്‍
കാത്തിടേണമേ കൈവിടാതെ എന്നാളും

ഓര്‍മ്മയില്‍ നീ........

കാത്തിരുന്നു നിന്നേ ഞാന്‍ കാലാന്തരങ്ങളായി
ഓര്‍ത്തിരുന്നു നിന്നേ ഞാന്‍ ഒത്തിരി നാളായി
കാണുന്നു കടലോളം കിനാക്കള്‍ എന്നും
കണ്‍മണി നീ കാറ്റായി വന്നണയൂ

ഏതൊരു നിഴലും പദചലനങ്ങളും
നീയാകുമെന്ന് ഞാന്‍ നിനച്ചു പോയി
എപ്പോഴും എവിടെയും നീയാണു തോഴി
എന്‍ മനം നിറയെ നീയാണു തോഴി

നിളയുടെ വിരിമാറില്‍ അന്ന്
നമ്മളൊന്നിച്ച് തോണി തുഴഞ്ഞതും
കാറ്റില്‍ തോണി ഉലഞ്ഞപ്പോള്‍ നീ എന്നെ
കെട്ടിപിടിച്ചതും ഞാനിന്നും ഓര്‍ത്തിടുന്നു

തൊടിയില്‍ ഓടി കളിക്കുന്ന നേരം
തൊട്ടാവാടിമുള്ള്‌ നിന്‍ കാലില്‍ തറച്ചതും
ആ മുള്ള്‌ ഞാന്‍ എടുത്തതും ഞാനിന്നും
ഓര്‍ത്തിടുന്നു

വേളി

നാലു കെട്ടിലെ നാലു നില പന്തലില്‍
നാളെ വെളുത്താല്‍ വള്ളുവ പെണ്ണിനു വേളി
പത്തരമാറ്റുള്ള തങ്ക കുടത്തിന്
പത്തരക്കല്ലോ താലിക്കെട്ട്

പൊന്നില്‍ കുളിച്ചു പൊട്ടൊന്നു കുത്തി
പൊന്‍പട്ടുടുത്തവള്‍ അണിഞ്ഞൊരുങ്ങി
പൂത്താലമേന്തിയ തൊഴിമാരൊത്തവള്‍
നിറ ദീപവുമായി നടന്നു വന്നു

കതിര്‍മണ്ഡപത്തിലെ കതിരുകളായിവര്‍
കാര്‍ത്തിക നാളില്‍ താലി ചാര്‍ത്തി
നാദസ്വര മേളമുണര്‍ന്നു
നാവിന്‍ തുമ്പില്‍ കുരവയുണര്‍ന്നു

നാക്കിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി
നാട്ടാരൊത്ത് സദ്യയുമുണാം
നാവിലൂറും പാലട ഒടുവില്‍ പപ്പടം കൂട്ടി
നല്ലോണം കഴിച്ചിടാം

നാഴികയേറേ കഴിയും നേരം
നാലാള്‍ വീട്ടില്‍ ഒഴിയും നേരം
നാണത്തിന്‍ കെടാവിളക്കുകള്‍ ഊതി
നല്ലോലപായയിലുറങ്ങാം



ഇലയുടെ വില

ഇലയ്ക്കറിയില്ല കൂട്ടരേ ഇലയുടെ വിലയെന്തെന്ന്
സകല ചരാചരങ്ങള്‍ക്കുമൊരു പോലെ
നിധിയാണു കൂട്ടരേ ഈ ഇല
ആദിമ മനുഷ്യര്‍ക്കു ഉടയാടയായതും
ഈ ഇലകള്‍ തന്നേയാണല്ലോ കൂട്ടരേ
നാടിന്നും നാട്ടാര്‍ക്കും തണലേകാന്‍
നാനാ മരങ്ങള്‍ തന്‍ ഇലകള്‍ വേണം
ഔഷധ കനിയല്ലോ കാര്‍ക്കുന്തലില്‍ തിരുകുവാന്‍
ത്യത്താവിന്‍ ഇല തന്നേ വേണം
പഥേയമൊരുക്കാനും പാലട പരത്താനും
സദ്യ വിളമ്പാനും വാഴയില തന്നേ വേണം
പന്തല്‍ പുര മേയാനും തൊരണമൊരുക്കാനും
കുരുത്തോലയാകാനും തെങ്ങോല തന്നേ വേണം
ഏതു പുഴുത്ത പല്ലും തേച്ചു
മിനുക്കാന്‍ മാവില തന്നേ വേണം
കൈ കാലുകള്‍ക്കഴകു കൂട്ടാന്‍
മൈലാഞ്ചി തന്നേ വേണം
കറികള്‍ തന്‍ കൂട്ടിനു രുചിയേകുവാന്‍
കറിവേപ്പില തന്നേ വേണം
നാലും കൂട്ടി മുറുക്കാനായി
നാടന്‍ വെറ്റില തന്നേ വേണം
തൊട്ടാല്‍ നാണം കുണുങ്ങാന്‍
തൊട്ടാവാടിയില തന്നേ വേണം
ചുടു കഞ്ഞി കുടിക്കുവാന്‍
കുമ്പിള്‍ കുത്തിയ പ്ലാവില തന്നേ വേണം
പൂജക്കെടുക്കാനും മാല കൊരുക്കാനും
കൂവളത്തിന്‍ ഇല തന്നേ വേണം
മാരിയമ്മന്‍ കോവിലില്‍ മുറ്റത്ത് തുള്ളാന്‍
ആര്യ വേപ്പില തന്നേ വേണം
ഇനിയും ഒരായിരം ഗുണങ്ങള്‍ വെറെയുമുണ്ട്
ഇലയ്ക്കറിയില്ല കൂട്ടരേ ഇലയുടെ വിലയെന്തെന്ന്

താരാട്ട്

മയങ്ങൂ മുത്തേ നീയെന്‍ തോളിള്‍
ഉറങ്ങൂ മുത്തേ നീയെന്‍ മടിയില്‍
അമ്മ തന്‍ മാറിലെ ചൂടേറ്റുറങ്ങൂ
അമ്മിഞ്ഞ പാലു നുകര്‍ന്നുറങ്ങൂ
പൂനിലാവില്‍ നിറയും പൂസുഗന്‌ധം
പൂകവിള്‍ തിളങ്ങും തിങ്കള്‍ വെട്ടം
പൂമേനി തഴുകി ഇളം തെന്നലും
തേന്‍ മഴ പെയ്യും ഈ കുളിര്‍ രാവില്‍
തേനൂറും സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ
താലോലമാട്ടിടാം ഈ കൈകളില്‍
ആലോലമാടി നീയുറങ്ങൂ .............

വീട്

സുഖദുഃഖങ്ങളൊന്നിച്ചു വാഴുന്ന
സുസ്ഥാനമാണല്ലോ വീട്
ആധിക്കും വ്യാധിക്കുമാശ്വാസമേകുന്ന
മാന്ത്രിക കൂടല്ലോ വീട്
കാണുന്നു വീട് കേള്‍ക്കുന്നു വീട്
എല്ലാമറിയുന്നു വീട്
പ്രഭാതമായലെന്‍ മുഖം നോക്കി
പ്രഭാതസൂര്യനെന്നും ചിരിക്കുന്ന വീട്
തുളസിയും തെച്ചിയും മുറ്റത്ത്
തുള്ളുന്ന മുല്ല തറയുള്ള വീട്
ഓമന തിങ്കള്‍ പാടിയുറക്കിയെന്‍
ഒത്തിരി ഓര്‍മ്മകള്‍ നിറയുന്ന വീട്
കുഞ്ഞിളം കുരുന്നുകള്‍ പിച്ചവെച്ചോടിയ
കളിചിരിയുള്ളൊരു വീട്
സന്ധ്യക്കു കുഞ്ഞുങ്ങള്‍ ഹരിനാമ
സ്തുതികളാല്‍ മുഖരിതമാകുന്ന വീട്
പാലൊളി ചന്ദ്രന്‍ തൂകിയ
വെട്ടത്തിലുറങ്ങുന്ന വീട്
കാണുന്നു വീട് കേള്‍ക്കുന്നു വീട്
എല്ലാമറിയുന്നു വീട്